bird bird

ക്രിസ്തുവിന്റെ ഉയിർപ്പ് ചരിത്ര സംഭവമോ? - ഭാഗം ഒന്ന്: ചരിത്ര വസ്തുതകൾ

എന്തുകൊണ്ടാണ് നസ്രേയനായ യേശു ക്രൂശിക്കപ്പെട്ടത്?  കാരണം, താൻ തന്നെകുറിച്ചു പ്രകോപനപരമായ അവകാശവാദങ്ങൾ ഉന്നയിച്ചു. ദൈവത്തിന്റെ ഏകപുത്രനാണ് താനെന്ന് അവകാശപ്പെട്ടു. എന്നാൽ യേശുവിന്റെ അവകാശവാദം നാം ഗൗരവമായി കാണേണ്ടതുണ്ടോ? അത് ചില വസ്തുതകളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. യേശു യഥാർത്ഥത്തിൽ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേറ്റുവെങ്കിൽ, ദൈവത്തിന്റെ അതുല്യനായ പുത്രനെന്നുള്ള അവകാശവാദത്തിന് വളരെ വില കല്പിക്കേണ്ടിയിരിക്കുന്നു. മറിച്ചു, പുനരുത്ഥാനം അഥവാ ഉയർത്തെഴുനേൽപ് സംഭവിച്ചിട്ടില്ല എങ്കിൽ യേശുവിനെ ആകർഷണീയനായ എന്നാൽ ഒരു ദുരന്തമായി തീർന്ന മറ്റൊരു ചരിത്രപുരുഷനായി തള്ളിക്കളയാം.

യേശു മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേറ്റുവോ? ഈ ചോദ്യം നാം പര്യവേക്ഷണം ചെയുമ്പോൾ,  രണ്ടു ചോദ്യങ്ങൾക്കാണ് നാം ഉത്തരം കണ്ടത്തേണ്ടത്. ഒന്ന്, ചരിത്രത്തിൽ നാം മനസിലാക്കുന്ന വസ്തുതകൾ എന്തൊക്കെയാണ്. രണ്ട്, ഈ വസ്തുതകൾക്ക് ഏറ്റവും അനുയോജ്യമായ വിശദീകരണം എന്താണ്.

വിശദീകരണം ആവശ്യമായ മൂന്ന് പ്രധാന ചരിത്ര വസ്തുതകൾ ആണ് ഉള്ളത്: യേശുവിന്റെ ശൂന്യമായ കല്ലറ, തന്റെ മരണശേഷം ഉള്ള പ്രത്യക്ഷതകൾ, അതുപോലെ, യേശു ഉയർത്തെഴുന്നേറ്റു എന്ന തന്റെ ശിഷ്യന്മാരുടെ വിശ്വാസം. ഇവയിൽ ഓരോന്നും നമുക്ക് പരിശോധിക്കാം.

ഒന്നാമത്തെ വസ്തുത: യേശുവിന്റെ കല്ലറ ശൂന്യമാണെന്ന കണ്ടെത്തൽ കുറഞ്ഞത് ആറു സ്വതന്ത്ര സ്രോതസ്സുകളിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ചിലത് പുതിയ നിയമത്തിലെ തന്നെ ഏറ്റവും പുരാതനമായ ലിഖിതങ്ങൾ ആണ്. ഇത് വളരെ പ്രധാനമാണ്,  കാരണം, രണ്ടോ അതിലധികമോ പരസ്പരം ബന്ധമില്ലാത്ത സ്രോതസ്സുകൾ ഒരു സംഭവം രേഖപ്പെടുത്തുമ്പോൾ ആ സംഭവം യഥാർത്ഥത്തിൽ സംഭവിച്ചു എന്ന ചരിത്രകാരന്മാരുടെ ആത്മവിശ്വാസം വർദ്ധിക്കുന്നു. ഈ സ്രോതസ്സുകൾ എത്രയും പുരാതനമാണോ അഥവാ ആ സംഭവത്തോട് എത്രയും അടുത്ത് നിൽക്കുന്നുവോ അത്രയും അവരുടെ ആത്മവിശ്വാസം വർദ്ധിക്കുന്നു. മാത്രമല്ല, യേശുവിന്റെ ശരീരം കാണാനില്ല എന്ന് ആദ്യം കണ്ടെത്തിയത് സ്ത്രീകൾ ആണ് എന്ന് സുവിശേഷങ്ങൾ സൂചിപ്പിക്കുന്നു. ഇത് ഈ സംഭവത്തിന്റെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു, കാരണം,  അന്നത്തെ സംസ്കാരത്തിൽ ഒരു സ്ത്രീയുടെ സാക്ഷ്യത്തിനു ഒരു വിലയും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, പിന്നീട് കെട്ടിച്ചമച്ച ഒരു ഐതീഹ്യം ആണ് ഇത് എങ്കിൽ പുരുഷന്മാർ തന്നെ ഈ കണ്ടെത്തൽ നടത്തിയേനെ. യഹൂദ അധികാരികളുടെ പ്രതികരണവും ശൂന്യമായ കല്ലറയിലുള്ള നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. കല്ലറ ശൂന്യമാണെന്ന റിപ്പോർട്ട്‌ കിട്ടിയപ്പോൾ യേശുവിന്റെ അനുയായികൾ അവന്റെ ശരീരം മോഷ്ടിച്ചു എന്ന ആരോപണം ഉന്നയിക്കുകയാണ് അവർ ചെയ്തത്. അതുവഴി യേശുവിന്റെ കല്ലറ ശൂന്യമാന്നെന്ന് അവരും സമ്മതിച്ചു. യേശുവിന്റെ ശൂന്യമായ കല്ലറയെകുറിച്ചുള്ള ബൈബിൾ രേഖകളുടെ വിശ്വാസ്യതയിൽ ഒട്ടുമിക്ക പണ്ഡിതന്മാരും ഉറച്ചുനിൽക്കുന്നു.

രണ്ടാമത്തെ വസ്തുത: യേശുവിന്റെ മരണശേഷം ജീവനോടെയുള്ള പ്രത്യക്ഷതകൾ. പുതിയ നിയമത്തിലെ ഏറ്റവും പുരാതനമായ എഴുത്തുകളിൽ ഒന്നിൽ പൗലോസ് യേശുവിന്റെ പുനരുത്ഥാന പ്രത്യക്ഷതകൾക്ക് സാക്ഷികളായവരുടെ ഒരു പട്ടിക നൽകുന്നുണ്ട്.

പത്രോസിനും പിന്നെ പന്ത്രണ്ട് ശിഷ്യന്മാർക്കും പ്രത്യക്ഷനായി. അനന്തരം അവൻ അഞ്ഞൂറിൽ അധികം സഹോദരന്മാർക്ക് ഒരുമിച്ചു പ്രത്യക്ഷനായി (അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു). പിന്നീട് അവൻ യാക്കോബിനും പിന്നെ അപ്പൊസ്തലന്മാർക്കും എല്ലാവർക്കും പ്രത്യക്ഷനായി. എല്ലാവർക്കും ഒടുവിൽ എനിക്കും പ്രത്യക്ഷനായി (1 കൊരിന്ത്യര്‍ 15:4-8) എന്നു പൗലോസ് എഴുതുന്നു. കൂടാതെ, സുവിശേഷ വിവരണങ്ങളും യേശുവിന്റെ വിവിധ പുനരുത്ഥാന പ്രത്യക്ഷതകൾ സ്വന്തന്ത്രമായി സ്ഥിരീകരിക്കുന്നു. പൗലോസിന്റെ സാക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രം യേശു തന്റെ മരണശേഷം തങ്ങൾക്ക് പ്രത്യക്ഷപെട്ടതായി വിവിധ വ്യക്തികളും സമൂഹങ്ങളും അനുഭവിച്ചു എന്ന് എല്ലാ ചരിത്ര പണ്ഡിതന്മാരും സമ്മതിക്കുന്നു. യേശു തന്റെ മരണശേഷം ഉയിർത്തെഴുന്നേറ്റ ക്രിസ്തുവായി പ്രത്യക്ഷപ്പെട്ട അനുഭവം പത്രോസിനും മറ്റു ശിഷ്യന്മാർക്കും ഉണ്ടായി എന്ന വസ്തുത നമുക്ക് ചരിത്രപരമായി ഉറപ്പിക്കാം.

മൂന്നാമത്തെ വസ്തുത: യേശുവിന്റെ ഉയിർപ്പിൽ തന്റെ ശിഷ്യന്മാർക്കുണ്ടായ വിശ്വാസം. യേശുവിന്റെ ക്രൂശീകരണത്തിന് ശേഷം തന്റെ അനുയായികൾ വളരെ നിരാശയിലും തകർച്ചയിലുമായി. അവർ തങ്ങളുടെ ജീവനെ ഭയന്നു ഒളിവിൽ കഴിഞ്ഞു. യഹൂദന്മാർ എന്ന നിലയിൽ ശത്രുക്കളാൽ വധിക്കപെടുന്ന ഒരു മിശിഹായെ അവർക്ക് സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല. ഒരു ഉയിർത്തെഴുനേൽപ്  അവർക്ക് ചിന്തിക്കാവുന്നതിനു അപ്പുറമായിരുന്നു. യഹൂദന്മാർ വിശ്വസിച്ചിരുന്ന ഏക ഉയിർത്തെഴുനേൽപ് ലോകാവസാനത്തിനുശേഷം ന്യായവിധി ദിവസം സാർവത്രികമായി സംഭവിക്കുന്ന ഉയിർത്തെഴുനേൽപ് ആയിരുന്നു. ചരിത്രത്തിൽ ഇതുപോലെ ഒരു ഒറ്റപ്പെട്ട സംഭവം നടക്കും എന്ന് അവർ വിശ്വസിച്ചില്ല. മാത്രമല്ല, യഹൂദനിയമപ്രകാരം കുറ്റവാളി എന്ന നിലയിലുള്ള ക്രൂശീകരണം അർത്ഥമാക്കിയത്  യേശു അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ ശാപത്തിനു വിധേയനാണ് എന്നായിരുന്നു. ഇങ്ങനെയൊക്കെയായിട്ടും ദൈവം യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചു എന്ന് തന്റെ ശിഷ്യന്മാർ എങ്ങനെയോ പൊടുന്നനവെ ആത്മാർത്ഥമായി വിശ്വസിച്ചു തുടങ്ങി. അവർക്കതിൽ പൂർണ ബോധ്യം ഉണ്ടായിരുന്നു കാരണം ഈ വിശ്വാസത്തിന്റെ പേരിൽ മരണഭീഷണി നേരിട്ടപ്പോഴും അവരിൽ ഒരാൾ പോലും പിന്തിരിഞ്ഞില്ല. ക്രിസ്ത്യാനികളെ വളരെ ഉപദ്രവിച്ചിരുന്ന  പരീശനായ പൗലോസും പൊടുന്നനെ ഒരു ക്രിസ്ത്യാനിയായി മാറി. മുൻപ് യേശുവിൽ വിശ്വസിക്കാഞ്ഞ തന്റെ സഹോദരനായ യാക്കോബും യേശുവിൽ വിശ്വസിച്ചു. ആദ്യകാല ക്രിസ്തീയ സഭ പോലെ ഊർജിതമായ ഒരു മുന്നേറ്റം ഉണ്ടാകണമെങ്കിൽ ശക്തവും പരിവർത്തനപരവുമായ ഒരു അനുഭവം ഉണ്ടാകണം. അതുകൊണ്ട് ഒരു ചരിത്രകാരൻ എന്ന നിലയിൽഎനിക്ക് ക്രിസ്ത്യാനിത്വത്തിന്റെ ഉൽഭവത്തിന് യേശുവിന്റെ ഉരിർത്തെഴുനേൽപ് അല്ലാതെ മറ്റൊരു വിശദീകരണം നൽകുവാൻ കഴിയുന്നില്ല.

ഈ മൂന്ന് ചരിത്ര വസ്തുതകൾക്ക് മതിയായ ഒരു വിശദീകരണം ആവശ്യമാണ്‌. എങ്ങനെ നമുക്ക് ഇവ വിശദീകരിക്കാൻ കഴിയും. ചരിത്രത്തിലുടനീളം ഈ വസ്തുതകൾക്ക് ഗൂഢാലോചനാ സിദ്ധാന്തം, യേശു യഥാർത്ഥത്തിൽ മരിച്ചില്ല എന്ന സിദ്ധാന്തം, ഹാലൂസിനേഷൻ സിദ്ധാന്തം തുടങ്ങി വിവിധ സ്വാഭാവിക വിശദീകരണങ്ങൾ നൽകാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇവ എല്ലാം സമകാലിക പണ്ഡിതർ ഒറ്റകെട്ടായി നിരസിക്കുന്നു. ലളിതമായി പറഞ്ഞാൽ ഈ മൂന്ന് ചരിത്ര വസ്തുതകൾ വിശദീകരിക്കാൻ ന്യായമായ ഒരു സ്വാഭാവിക വിശദീകരണം ഇല്ല. യഥാർത്ഥ ദൃക്‌സാക്ഷികൾ തരുന്ന വിശദീകരണം യേശുവിനെ ദൈവം മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു എന്നതാണ്. ദൈവം ഉണ്ട് എന്നതിന് ഒരു സാധ്യത എങ്കിലും ഉണ്ടെങ്കിൽ ഈ വിശദീകരണം നമുക്ക് തള്ളിക്കളയാൻ ആവില്ല. കാരണം ദൈവത്തിന് ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ ഒരു ഉയിർപ്പ് എത്ര നിസാരം.

ശൂന്യമായ കല്ലറ, മരണശേഷം ജീവനോടെയുള്ള യേശുവിന്റെ പ്രത്യക്ഷതകൾ, നിരാശരായി ഒളിവിൽ കഴിഞ്ഞ അനുയായികൾക്ക് പൊടുന്നനവെ ഉയിർത്തെഴുന്നേറ്റ മിശിഹയിലുള്ള വിശ്വാസത്താൽ സമൂല മാറ്റം സംഭവിക്കുന്നു, ഇവ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ട ചരിത്ര വസ്തുതകൾ ആണ്. നിങ്ങൾ ഇവ എങ്ങനെ വിശദീകരിക്കും?