bird bird

താൻ ആരാണെന്നാണ് യേശു കരുതിയത് ?

ക്രിസ്തീയ പ്രസ്ഥാനം ആരംഭിച്ചതുമുതൽ, യേശുക്രിസ്തുവിന്റെ അനുയായികൾ യേശു മനുഷ്യ രൂപത്തിൽ വന്ന   ദൈവമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ യേശുവിന്റെ കാര്യമോ? താൻ ആരാണെന്നാണ് യേശു കരുതിയത്? പാഠനിരൂപണത്തിന്റെ  വളർച്ചയും ആധുനിക ചരിത്ര പഠനവും ഉപയോഗിച്ച് ചരിത്രകാരന്മാർ ഈ ചോദ്യത്തിനു ഉത്തരം കണ്ടെത്താനുള്ള ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നസറായനായ യേശു ഇന്ന് കണ്ണാടി ചില്ലിനുള്ളിലെ ഒരു രൂപം മാത്രം അല്ല മറിച്ച് ചരിത്രപരമായി അന്വേഷിക്കാൻ കഴിയുന്ന ഒരു യഥാർത്ഥ ചരിത്രപുരുഷനാണ്. അതിനാൽ പുതിയ നിയമം പ്രചോദിത തിരുവെഴുത്തുകൾ എന്ന നിലയിൽ അല്ല മറിച് പുരാതന രേഖകളുടെ ഒരു സാധാരണ ശേഖരം എന്ന നിലയിൽ നമുക്ക് പരിശോധിക്കാം. മറ്റേത് പുരാതന സ്രോതസുകളുമായി  ബന്ധപ്പെട്ട് നാം ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ  ഇവിടെയും ഉപയോഗിക്കാം. ചരിത്രകാരന്മാർ യേശു എന്ന ചരിത്രപുരുഷനെക്കുറിച്ച് അന്വേഷിക്കുമ്പോൾ, അവർ എന്താണ് കണ്ടെത്തുന്നത്. ഒന്നാമത്, യേശു താൻ മിശിഹയാണെന്ന് അവകാശപ്പെട്ടു. യേശുവിന്റെ കാലത്തെ യഹൂദന്മാർ യിസ്രായേലിന് സൈനിക വിജയവും ആത്മീയ പുതുക്കവും നൽകുന്ന യുദ്ധവീരനായിരുന്ന ദാവീദ് രാജാവിന്റെ പിൻഗാമിയായ വാഗ്ദത്ത മിശിഹായെ കാത്തിരിക്കുന്നവർ ആയിരുന്നു. സെഖര്യാ പ്രവാചകന്റെ പുരാതന വാക്കുകൾ അവർക്ക് പരിചിതമായിരുന്നു: യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്ത് കയറിവരുന്നു.  തന്റെ ജീവിതത്തിന്റെ അവസാന ആഴ്ചയിൽ ഒരു കഴുതയുടെ പുറത്ത് യെരുശലേമിലേക്കുള്ള  യേശുവിന്റെ വിജയകരമായ പ്രവേശനം സ്വതന്ത്ര സ്രോതസ്സുകളിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, ഒരു സംഭവത്തിന്റെ ചരിത്രപരതയുടെ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡങ്ങളിലൊന്നാണ് ഇത്. ഇസ്രായേലിന്റെ രാജാവായ  വാഗ്ദത്ത മിശിഹാ താനാണെന്ന് യേശു ബോധപൂർവ്വം പ്രകോപനപരമായി അവകാശപ്പെട്ടു. മാത്രമല്ല, യേശുവിന്റെ കുരിശിൽ തറച്ച ഫലകം  തന്റെ മിശിഹൈക വാദങ്ങളെ പരിഹസിച്ചുകൊണ്ട് അദ്ദേഹത്തിനെതിരായ കുറ്റം പ്രസ്താവിക്കുന്നതായിരുന്നു. പിൽക്കാല ക്രിസ്ത്യാനികൾ ഈ പരിഹാസ്യമായ തലക്കെട്ട് യേശുവിനായി ഉപയോഗിച്ചിട്ടില്ല എന്ന വസ്തുത അതിന്റെ ആധികാരികതക്ക് അടിവരയിടുന്നു. ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരെ സംബന്ധിച്ചിടത്തോളം മിശിഹാ എന്ന വാക്ക് വളരെ അർഥം നിറഞ്ഞതായിരുന്നു. ഈ പേര് സ്വീകരിക്കുന്നതിലൂടെ  യേശു അതെല്ലാം തനിക്കായി അവകാശപ്പെടുകയായിരുന്നു. യേശു താൻ ദൈവപുത്രനാണെന്നും അവകാശപ്പെട്ടു. താൻ അതുല്യനായ ദൈവപുത്രനാണെന്ന യേശുവിന്റെ ബോധം മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള ഉപമയിൽ പ്രകടമാണ്. ഈ ഉപമ യേശുവിന്റെ അദ്ധ്യാപന ശൈലിയുമായി പൊരുത്തപ്പെടുന്നു, ഒപ്പം യേശുവിന്റെ കാലത്ത് യഹൂദരുടെ ഇടയിൽ സാധാരണമായിരുന്ന പ്രതിപാദ്യ വിഷയങ്ങളും ഇതിൽ ഉപയോഗിക്കുന്നു. ഇസ്രായേൽ ഒരു മുന്തിരിത്തോട്ടമായും, ദൈവം ഒരു പിതാവായും, അക്കാലത്തെ മതനേതാക്കൾ കുടിയാന്മാരായും, ദൈവത്തിൻറെ പ്രവാചകൻമാർ കുടിയാന്മാരുടെ അടുക്കലേക്ക് അയച്ച ദാസന്മാരായും മറ്റും. ഒരിക്കൽ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കിയ  ഒരാൾ ഉണ്ടായിരുന്നു. നാട്  വിടുന്നതിനുമുമ്പ് അദ്ദേഹം അത് കുടിയാന്മാർക്ക് പാട്ടത്തിന് നൽകി. വിളവെടുപ്പ് സമയത്ത് തോട്ടത്തിലെ  ഫലത്തിന്റെ പങ്കു ശേഖരിക്കാൻ അദ്ദേഹം ഒരു  ദാസനെ അയച്ചു. എന്നാൽ കുടിയാന്മാർ അവനെ തല്ലി, വെറും കയ്യോടെ മടക്കി  അയച്ചു. അതുകൊണ്ട്,  ഉടമ കൂടുതൽ ദാസന്മാരെ അയച്ചു, പക്ഷേ ഇവരെയും അടിക്കുകയോ കൊല്ലുകയോ ചെയ്തു. അവസാനം, തന്റെ ഏക പുത്രനെ പറഞ്ഞയച്ചു, "തീർച്ചയായും അവർ എന്റെ പുത്രനെ  ബഹുമാനിക്കും." എന്നാൽ ആ കുടിയാന്മാർ പരസ്പരം പറഞ്ഞു, "ഇതാണ് അവകാശി, നമുക്ക് അവനെ കൊന്നു കളയാം, മുന്തിരിത്തോട്ടം നമ്മുടേതാവും.” അങ്ങനെ അവർ ഉടമയുടെ മകനെ കൊന്നു. യേശുവിന്റെ  ആത്മാവബോധത്തെ  പറ്റി നാം എന്താണ് ഈ ഉപമയിൽ നിന്ന് മനസിലാകുന്നത് ? അവൻ തന്നെത്തന്നെ ദൈവത്തിന്റെ ഏക പുത്രനായി  കരുതി. ദൈവത്തിന്റെ അവസാന സന്ദേശവാഹകൻ. എല്ലാ പ്രവാചകന്മാരിൽ നിന്നും വ്യത്യസ്തൻ, ഇസ്രായേലിന്റെ അവകാശി.

മൂന്നാമതായി, താൻ മനുഷ്യപുത്രനാണെന്ന് യേശു അവകാശപ്പെട്ടു.

യേശു സ്വയം ഉപയോഗിച്ച, തനിക്കു ഏറെ പ്രിയപ്പെട്ട പദവിയാണിത്. ഏകദേശം 80 തവണ സുവിശേഷങ്ങളിൽ ഇത് കാണാം. വാസ്തവത്തിൽ യേശു തന്നെത്തന്നെ മനുഷ്യപുത്രനായി കരുതി എന്ന് പുതിയനിയമ ചരിത്രകാരന്മാരിൽ ബഹുഭൂരിപക്ഷത്തെയും ഇത് ബോധ്യപ്പെടുത്തുന്നു. യേശു മനുഷ്യപുത്രൻ എന്ന പദവിയിലൂടെ, ദാനിയേല്‍ പ്രവാചകൻ വിവരിച്ച ഒരു ദർശനത്തിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കുകയായിരുന്നു. രാത്രിദര്‍ശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തന്‍ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവന്‍ വയോധികന്‍റെ അടുക്കൽ ചെന്നു; അവര്‍ അവനെ അവന്‍റെ മുമ്പിൽ അടുത്തുവരുമാറാക്കി. സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് അവന് ആധിപത്യവും മഹത്ത്വവും രാജത്വവും ലഭിച്ചു. യേശുവിന്റെ വിചാരണയിൽ യഹൂദ മഹാപുരോഹിതൻ യേശുവിനെ കുറ്റപ്പെടുത്തി. "നിങ്ങൾ ദൈവപുത്രനായ മിശിഹായാണോ?" യേശുവിന്റെ ഉത്തരം  യാതൊരു സംശയത്തിനും ഇടം കൊടുത്തില്ല. ഞാന്‍ ആകുന്നു; മനുഷ്യപുത്രന്‍ സര്‍വശക്തന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങള്‍ കാണും എന്നു യേശു പറഞ്ഞു. ഈ മൂന്ന് പദവികളും  തനിക്ക് ബാധകമാക്കുന്നതിലൂടെ, തന്റെ കുറ്റാരോപിതർ ആരാധിച്ചിരുന്ന ദൈവമാണ് താനെന്ന് യേശു ഉറപ്പിച്ചു അവകാശപെടുകയായിരുന്നു. യഹൂദ കോടതി ദൈവദൂഷണം എന്ന കുറ്റം ആരോപിച്ചു യേശുവിനെ വധശിക്ഷയ്ക്ക് വിധിച്ചതിൽ ആശ്ചര്യപ്പെടാനില്ല. എന്നാൽ അതുമാത്രമല്ല! അത്ഭുതങ്ങൾ പ്രവർത്തിക്കാനും, ഭൂതങ്ങളെ പുറത്താക്കാനും, പഴയനിയമം പരിഷ്കരിക്കാനും, പാപങ്ങൾ ക്ഷമിക്കാനും,  ദൈവിക ശക്തിയും അധികാരവുമുണ്ടെന്ന് ചരിത്രപുരുഷനായ  യേശു അവകാശപ്പെട്ടിരുന്നുവെന്ന് പുതിയ നിയമ ചരിത്രകാരന്മാർ സമ്മതിക്കുന്നു. എല്ലാവരുടെയും നിത്യ വിധി നിർണയിക്കുന്നത് നാം  തന്നിൽ വിശ്വസിക്കുന്നുണ്ടോ  എന്നതിൽ കൂടെ മാത്രം ആണെന്ന് വരെ  യേശു അവകാശപ്പെടാൻ മുതിർന്നു. യേശുവിന്റെ ആത്മാവബോധം ഒരു യെഹൂദാ ഗുരുവോ അല്ലെങ്കിൽ ഒരു സ്വാധീനശക്തിയുള്ള നേതാവോ  ആയിട്ട് ചുരുക്കാനാവില്ല. വാസ്തവത്തിൽ, തന്നെത്തന്നെ ദൈവത്തിന്റെ സ്ഥാനത്ത് നിർത്തിക്കൊണ്ട് യേശു തന്നെക്കുറിച്ച് മറ്റൊരാളും  ഒരുകാലത്തും ഉന്നയിച്ചിട്ടില്ലാത്ത വളരെ വലിയ ഒരു അവകാശവാദം ഉന്നയിക്കുകയായിരുന്നു. അതിനാൽ യേശു തന്റെ ശിഷ്യന്മാരോടു ചോദിച്ച അതെ ചോദ്യം നമ്മൾ ഓരോരുത്തരെയും  അഭിമുഖീകരിക്കുന്നു: ഞാനാരാണെന്നാണ്  നിങ്ങൾ പറയുന്നത്?